ക്രിയപ്പെട്ടി
ഇന്നോവേറ്റീവ് വർക്ക്
ഭാഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ലെവ് വൈഗോസ്കി അവതരിപ്പിക്കുന്ന സാമൂഹ്യജ്ഞാനനിർമ്മിതി വാദത്തിന് ഭാഷാർജ്ജന സിദ്ധാന്തങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായിരിക്കെ മറ്റുള്ളവരുമായി നിരന്തരം ഇടപെടുന്നതിലൂടെ ആശയവിനിമയം സാധ്യമാക്കി ഭാഷയെയും അതിന്റെ വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ ഭാഷാർജനം നേടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരിയായ വ്യാകരണ സമീക്ഷകളും നിയമങ്ങളും ആർജിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. ശരിയായ വ്യാകരണ നിയമങ്ങൾ ആശയവിനിമയത്തെ കൂടുതൽ സുതാര്യമാക്കുന്നു. ഈ തത്വത്തിൽ ഊന്നിയാണ് മലയാളഭാഷയിലെ പൂർണ്ണ അപൂർണ്ണ ക്രിയകളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഇന്നോവേറ്റീവ് വർക്ക് നിർമ്മിച്ചിട്ടുള്ളത്. ക്രിയപ്പെട്ടി എന്ന് നാമകരണം ചെയ്ത പ്രസ്തുത പ്രവർത്തന മാതൃകയുടെ നിർമ്മാണ ഘട്ടങ്ങളെ ചുവടെ ചേർക്കുന്നു.
![]() |
| ക്രിയപ്പെട്ടി |
ഘട്ടം 1
ഈ പ്രഥമഘട്ടത്തിൽ മാതൃകയ്ക്ക് ആവശ്യമായ അടിസ്ഥാന സമചതുരപ്പെട്ടി ഒരുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി ഒരു കാർഡ്ബോർഡ് കണ്ടെത്തുകയും വശങ്ങൾ നന്നായി ഒട്ടിക്കുകയും ചെയ്തു. തുടർന്ന് ഇരുവശങ്ങൾ ഒരു ചതുരാകൃതിയിൽ ഒരേ അളവെടുത്ത് മുറിച്ച് തുറക്കാൻ പാകത്തിൽ ആക്കുകയും ചെയ്തു.
ഘട്ടം 2
രണ്ടാംഘട്ടത്തിൽ കാർഡ്ബോർഡ് പെട്ടിയെ വിവിധ കളർ പേപ്പറുകൾ കൊണ്ട് ഒട്ടിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. തെറ്റും ശരിയുമായ ഉദാഹരണങ്ങളെ നേരിട്ട് മനസ്സിലാക്കുന്നതിനായി അവയെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സുതാര്യഭാഗവും മുന്നിലായി ഘടിപ്പിക്കുകയുണ്ടായി. കൂടാതെ അകത്തേക്ക് തുറക്കുന്ന വാതിലുകളിൽ ഉദാഹരണങ്ങളെ വയ്ക്കുവാൻ ആവശ്യമായ പോക്കറ്റുകളും സൃഷ്ടിക്കുകയുണ്ടായി.
![]() |
| ക്രിയപ്പെട്ടി |
ഘട്ടം 3
നിർമ്മാണത്തിന്റെ അവസാന ഘട്ടമായ ദിതീയ ഘട്ടത്തിൽ മാതൃകയ്ക്ക് ആവശ്യമായ തെറ്റും ശരിയുമായ ഉദാഹരണങ്ങളെ ചെറിയ ചാർട്ട് പേപ്പറുകളിൽ എഴുതുകയാണുണ്ടായത്. കൂടാതെ മാതൃകയ്ക്ക് ആവശ്യമായ പേരും പൂർണ്ണ അപൂർണ്ണ ക്രിയ എന്ന നാമങ്ങളും എഴുതി ഒട്ടിക്കുകയുണ്ടായി.
എട്ടാം തരത്തിലെ അടിസ്ഥാന പാഠാവലിയിലെ രണ്ടാം പാഠമായ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തെ അധികരിച്ചാണ് ഇന്നോവേറ്റീവ് വർക്ക് നടത്തിയിട്ടുള്ളത്. പാഠഭാഗത്തെ തുടർ പ്രവർത്തനമായി വരുന്ന പൂർണ്ണ അപൂർണ്ണ ക്രിയകളെ മനസ്സിലാക്കുന്നതിനായി പ്രവർത്തനാധിഷ്ഠിതമായാണ് ഈ മാതൃകയെ നിർമ്മിച്ചിരിക്കുന്നത്. ക്രിയപ്പെട്ടി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പെട്ടിയിലൂടെ ക്രിയകളിലെ രണ്ട് വകഭേദങ്ങളെ പഠിതാക്കൾക്ക് മനസ്സിലാക്കി എടുക്കുന്നതിനും പ്രവർത്തനാധിഷ്ഠിതമായ ഭാഷയുടെ വ്യാകരണ പ്രയോഗ സാധ്യതകളെ തിരിച്ചറിയുന്നതിനും കഴിയുന്നു.










